നവംബർ 4 വരെ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: Kerala Weather Report: സംസ്ഥാനത്ത് ഇന്നും തുലാവർഷം കടുക്കുമെന്ന് റിപ്പോർട്ട്. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവർഷം ഇന്ന് കൂടുതൽ ഭീഷണി ഉയർത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയിൽ നിന്നും കേരളത്തിനും തമിൾനാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബിക്കടൽ വരെ നീണ്ടു നിൽക്കുന്ന ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനഫലമായി നവംബർ 4 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടെയുള്ള ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.












