പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി സർക്കാർ; പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ചു
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനത്തിൽ തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ, എഐവൈഎഫ് അടക്കമുള്ള ഇടത് യുവജന സംഘടനകളും സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 56, 58, 60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചത്. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യമാണ് സർവീസ് സംഘടനകൾ ഉയര്‍ത്തിയത്.












