ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറിയേക്കും? ഒഴിയാൻ സന്നദ്ധത അറിയിച്ചെന്ന് സൂചന
കണ്ണൂര്‍ : മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തിൽ മുതിര്‍ന്ന നേതാവ് ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറിയേക്കും. ഒഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് പാർട്ടി വൃത്തങ്ങളിൽ ലഭിക്കുന്ന സൂചന.സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചപ്പോൾ പരാതി എഴുതി നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മറുപടി. നിലവിലെ സാഹചര്യത്തിൽ പി ജയരാജൻ പരാതിയുമായി മുന്നോട്ട് തന്നെ പോകും. ആ സാഹചര്യത്തിൽ വിഷയം വീണ്ടും കലങ്ങിമറിയുമെന്നും പാർട്ടി അന്വേഷണ കമ്മീഷനെ വെക്കാൻ സാധ്യതയുണ്ടെന്നുമാണ് ഇപി വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ സന്നദ്ധത ഇപി ബന്ധപ്പെട്ടവരെ അറിയിച്ചതെന്നാണ് സൂചന. സാമ്പത്തികാരോപണത്തിൽ പാര്‍ട്ടി വേദികളിൽ മറുപടി നൽകാനാണ് ഇപിയുടെ നിലപാടെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചര്‍ച്ചക്ക് വരും. പാര്‍ട്ടി വേദികളിൽ തന്നെ പ്രതിരോധമുയര്ത്താമാണ് ഇപിയുടെ നീക്കം. തനിക്കെതിരെ വന്ന ആരോപണത്തേക്കാൾ വലിയ ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ ഇപ്പോഴും പാര്‍ട്ടിക്കുള്ളിലുണ്ടെന്നത് ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാനാണ് ഇപി ജയരാജന്റെ നീക്കം.












