നോട്ട് നിരോധനം റദ്ദാക്കാനാകില്ല’; ശരിവെച്ച് നാല് ജഡ്ജിമാര്‍, ഭിന്നവിധിയുമായി ജസ്റ്റിസ് നാഗരത്ന
ന്യൂഡല്‍ഹി: നോട്ട് നിരോധനം ഭരണഘടനാപരമായാണോ എന്നതില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ നോട്ട് നിരോധനം നടപ്പാക്കിയ കേന്ദ്ര നടപടി ശരിവെച്ചു. ജസ്റ്റിസ് നാഗരത്നയുടേത് ഭിന്നവിധിയായിരുന്നു. 58 ഹര്‍ജികളിലെ ആവശ്യങ്ങള്‍ തള്ളി. കേന്ദ്ര നടപടി ജസ്റ്റിസ് ബി ആര് ഗവായുടെ വിധി പ്രസ്താവത്തില്‍ ശരിവെച്ചിരിക്കുകയാണ്. നോട്ട് നിരോധനത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. സൂക്ഷ്മതയോടെ മാത്രമാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതിക്ക് ഇടപെടാനാകുക എന്നും കോടതി വ്യക്തമാക്കി. നോട്ട് നിരോധനം കൊണ്ടുവന്ന് ആറ് വര്‍ഷത്തിന് ശേഷം കേന്ദ്രസര്‍ക്കാരിന് ആശ്വാസകരമായ വിധിയാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനമെടുത്ത പ്രക്രിയയില്‍ പാളിച്ചയുണ്ടായിട്ടില്ല. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും ആറ് മാസത്തോളം കൂടിയാലോചനകള്‍ നടത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ട് നിരോധിക്കാന്‍ തീരുമാനിച്ചത്. നിരോധിച്ചത് കേന്ദ്രമായതുകൊണ്ടുമാത്രം നടപടി തെറ്റാണെന്ന് പറയാനാകില്ല. ആര്‍ബിഐയുമായി തീരുമാനിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ഗവായ് വിധിപ്രസ്താവത്തില്‍ പറഞ്ഞു.












