കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് കേസ്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ എടുക്കുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെയും അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഐപിസി 153, 153 എ(ജാമ്യമില്ലാ വകുപ്പ്) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിക്കെതിരെ കെപിസിസിയില്‍ നിന്നുള്‍പ്പെടെ പൊലീസിന് പരാതി ലഭിച്ചിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായി ഇതുവരെ 18ലധികം ഇത്തരം കേസുകൾ രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം.












