ലോകകപ്പ് തോൽവിയുമായി ബന്ധപെട്ടു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ കടുത്ത നടപടി , അർജുന രണതുംഗയ്ക്ക് പകരം ചുമതല.
ശ്രീലങ്കന്‍ ക്രിക്കറ്റിനെതീരെ കടുത്ത അച്ചടക്ക നടപടിയുമായി ശ്രീലങ്കൻ കായിക മന്ത്രി . ഏകദിന ലോകകപ്പിലെ തുടർ തോല്‍വികളും ഇന്ത്യയോടേറ്റ കനത്ത പരാജയവും ആണ് പ്രധാന കാരണം . മന്ത്രി റോഷന് റണസിംഗെ ക്രിക്കറ്റ് ബോർഡ് സസ്പെന്‍ഡ് ചെയ്ത് ഇടക്കാല ഭരണസമിതിക്ക് ചുമതല കൈമാറി. മുന്‍ ശ്രീലങ്കന്‍ നായകന് അർജുന രണതുംഗയാണ് സമിതിയുടെ പുതിയ തലവന്‍. കഴിഞ്ഞ വർഷം ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പ് സമയത്തെ ബോർഡ് അംഗങ്ങളുടെ പ്രവർത്തനം സംബന്ധിച്ചുള്ള റിപ്പോർട്ടില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ റോഷന് രണസിംഗയുടെ നടപടി രാജ്യത്ത് പുതിയ രാഷ്ട്രീയ വടംവലിയിലേക്ക് നയിച്ചതായാണ് ശ്രീലങ്കന്‍ മാധ്യമമായ ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്യുന്നത്. ഇടക്കാല ഭരണസമിതിക്ക് രണസിംഗെ ചുമതല കൈമാറിയത് പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ അറിവോടയല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. കായികമന്ത്രിയുടെ നീക്കത്തില്‍ പ്രസിഡന്റിന് അതൃപ്തിയുണ്ടെന്നും ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് ചർച്ചയുണ്ടായേക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.












