ഷോകേസിൽ വെക്കേണ്ടവരല്ല ആദിവാസികൾ’; കേരളീയത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തൃശൂർ: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ഷോകേസിൽ വെക്കേണ്ടവരല്ല ആദിവാസികളെന്നും കേരളീയത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പഴയ കാര്യങ്ങളുടെ പ്രദർശനമാണ് ഫോക് ലോർ അക്കാദമി ഒരുക്കിയിരുന്നത്. താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. ആരെയും അപമാനിക്കാനായാണ് അക്കാദമി അത്തരത്തിലൊരു പ്രദർശനം ഒരുക്കിയതെന്ന് കരുതുന്നില്ല. വിവിധ ഡിപ്പാർട്ടുമെന്റിന്റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദർശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. കേരളീയത്തിൽ ആദിവാസി മരുന്നും, വനവിഭവങ്ങളും വിറ്റഴിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.












