നവകേരള സദസ് നാളെ തുടക്കം
നവ കേരള സദസ്സിന് നാളെ കാസർകോഡ് തുടക്കമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി ജനങ്ങളുടെ പരാതികൾ കേൾക്കും. സാമ്പത്തിക പ്രതിസന്ധി കാലത്തെ ധൂർത്തടക്കമുള്ള ആക്ഷേപങ്ങൾക്കിടെയാണ് നവ കേരള സദസ്സിന് നാളെ തുടക്കമാകുന്നത്. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിക്കും. സർക്കാർ ചെലവിൽ പാർട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുക എന്നതാണ് നവകേരള സദസ്സുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഒരു ദിവസം പോകുന്ന മണ്ഡലങ്ങളിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ ജില്ലാ ഭരണകൂടം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി രാവിലെ ഒമ്പത് മണി മുതൽ പത്ത് വരെ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കും. ശേഷം മണ്ഡലത്തിലേക്ക്. മുഖ്യമന്ത്രി എല്ലായിടത്തും പ്രസംഗിക്കും. റിപ്പോർട്ട് കാർഡ് അവതരിപ്പിക്കും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും.












