മൂന്ന് വർഷമായി ഗവർണർ എന്താണ് ചെയ്യുന്നത്?’: ബില്ലുകൾ വൈകുന്നതിൽ വിമർശനവുമായി സുപ്രീം കോടതി
ബില്ലുകളിൽ ഒപ്പിടുന്നതിൽ കാലതാമസം വരുത്തിയതിൽ തമിഴ്നാട് ഗവർണർ ആർഎൻ രവിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. 2020 ജനുവരി മുതൽ ബില്ലുകൾക്ക് അനുമതി നൽകാത്ത ഗവർണറുടെ നടപടി ആശങ്കാജനകമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഗവർണറുടെ അനുമതിതേടി തമിഴ്നാട് സർക്കാർ അയച്ച 10 ബില്ലുകളിൽ ഒപ്പിടാതെ ആർഎൻ തിരിച്ചയച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ബില്ലുകൾ പുനരാരംഭിച്ചത്. ശനിയാഴ്ച ചേർന്ന പ്രത്യേക സമ്മേളനത്തിൽ, 10 ബില്ലുകൾ നിയമസഭ വീണ്ടും അംഗീകരിച്ചതായി തമിഴ്നാട് സർക്കാർ ബെഞ്ചിനെ അറിയിച്ചു. ഇതേതുടർന്ന് കേസ് ഡിസംബർ ഒന്നിലേക്ക് കോടതി മാറ്റിവച്ചു. നിയമസഭ വീണ്ടും പാസാക്കിയ പത്ത് ബില്ലുകൾ ഉൾപ്പെടെ 15 ബില്ലുകളാണ് ഗവർണറുടെ ഇപ്പോൾ പരിഗണനയിലുള്ളത്. ഗവർണർ സംസ്ഥാന സർക്കാരിനെ രാഷ്ട്രീയ എതിരാളിയായി കാണുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് സർക്കാർ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.












