അടുത്തത് പമ്പയിലേക്ക്; ആയിരക്കണക്കിന് വണ്ടികൾ മൂന്നുമാസത്തിനകം ഇറങ്ങും’; റോബിന്‍ ഗിരീഷ്
പാലക്കാട് വാളയാറിൽ റോബിൻ ബസിന് സ്വീകരണം. ബസ് ഉടമ റോബിൻ ഗിരീഷിനെ മാലയിട്ടു സ്വീകരിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്തു. തമിഴ്നാട് എംവിഡി പിടിച്ചെടുത്ത ബസ് ഉടമ പിഴ അടച്ചതിനെ തുടര്‍ന്ന് ഇന്ന് വിട്ടുകൊടുത്തിരുന്നു. കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് വാളയാറില്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാര്‍ സ്വീകരണം നല്‍കിയത്. നിയമപോരാട്ടം തുടരുമെന്നും അടുത്ത ലക്ഷ്യം പമ്പാ സര്‍വീസ് ആണെന്നും റോബിന്‍ ഗിരീഷ് പറഞ്ഞു. ഇനി ആരെയും പേടിക്കേണ്ട, ഈ സംരംഭം വിജയിപ്പിച്ചു കാണിക്കുക തന്നെ ചെയ്യും, നൂറല്ല ആയിരക്കണക്കിന് വണ്ടികൾ ഇതുപോലെ മൂന്നുമാസത്തിനകം ഇവിടെ ഇറങ്ങിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി കൊള്ളയടിക്കുകയാണ്. ആ കൊള്ള ഇല്ലാതാക്കുകയാണ് അടുത്ത നീക്കം. പമ്പയിലേക്ക് റോബിന്‍ ബസ് കയറുന്ന കാഴ്ച വിദൂരമല്ല, അടുത്ത സര്‍വീസ് പമ്പയിലേക്ക് നടത്താനാണ് ലക്ഷ്യമിടുന്നത്’- റോബിന്‍ ഗിരീഷ് പറഞ്ഞു.












