അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അന്വേഷണ പുരോഗതി വിലയിരുത്താൻ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട യോഗം ചേർന്നു.












