ഗരീബ് കല്യാണ്‍ യോജന സൗജന്യ റേഷൻ പദ്ധതി കേന്ദ്രം 2028 വരെ നീട്ടി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും. പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്കും മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. ഏതാണ്ട് 80 കോടിയോളം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കായി അടുത്ത അഞ്ചുവർഷത്തേക്ക് കേന്ദ്രസർക്കാർ 11.80 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.












