ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത സംഭവത്തിൽ പിഴ അടയ്ക്കാതിരുന്ന യാത്രക്കാരന് 15 ദിവസം തടവിന് കോടതി വിധിച്ചു
ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത സംഭവത്തിൽ യുവാവിന് 15 ദിവസം ജയിൽ ശിക്ഷക്ക് കോടതി വിധിച്ചു. വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ഷാഫിയെ യാണ് കോടതി ശിക്ഷിച്ചത് . പിഴ അടയ്ക്കാതിരുന്നതോടെയാണ് ഇയാൾക്ക് ജയിൽശിക്ഷ ലഭിച്ചത്.ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . മംഗളുരു- കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിലാണ് മുഹമ്മദ് ഷാഫി ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. പരിശോധനയ്ക്കായി എത്തിയ പ്രത്യേക സ്ക്വാഡാണ് മുഹമ്മദ് ഷാഫിയെ പിടികൂടിയത്. ഇതോടെ ഇയാൾക്ക് ടിക്കറ്റ് നിരക്ക് ഉൾപ്പടെ ആയിരം രൂപ പിഴയും ഈടാക്കി. എന്നാൽ പിഴ അടയ്ക്കാൻ ഇയാൾ തയ്യാറായില്ല.ഇതോടെ കോഴിക്കോട് ടിക്കറ്റ് പരിശോധനവിഭാഗം മുഹമ്മദ് ഷാഫിയെ ഷൊർണൂർ ആർപിഎഫിന് കൈമാറി. കേസെടുത്ത ആർപിഎഫ് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. ആറുമാസത്തിനകം പിഴത്തുക ഷൊർണൂർ റെയിൽവേ കോടതിയിൽ ഒടുക്കണമെന്നതായിരുന്നു ജാമ്യവ്യവസ്ഥ.എന്നാൽ ആറുമാസമായിട്ടും പിഴ അടയ്ക്കാത്തതിനെ തുടർന്ന് കോടതി സമൻസ് അയച്ചു. ഇതിനുശേഷവും യുവാവ് ഹാജരായില്ല. ഇതോടെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.












