സ്വന്തം മുഖം കാണാനുള്ള താത്പര്യം മാത്രം; അനധികൃത ബോർഡുകൾക്കും കൊടികൾക്കും കുറവില്ല; സർക്കാർ ഏജൻസികൾ തന്നെ നിയമം ലംഘിക്കുന്നു എന്ന് ഹൈക്കോടതി.
കൊച്ചി: റോഡിലെ ഫ്ളക്സ് ബോർഡുകൾക്ക് എതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. നിരന്തരം പറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കും കൊടികൾക്കും കുറവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു. നിലവിൽ ചില സംഘടനാ ഭാരവാഹികളുടെ പടമാണ് റോഡിൽ മുഴുവൻ. എല്ലാവരും ചിരിച്ച് നിൽക്കുകയാണ്. എന്താണ് പിഴ ഈടാക്കാത്തതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.പാതയോരങ്ങളിലെ അനധികൃത ബോർഡുകളും കൊടികളും നീക്കം ചെയ്യണമെന്ന് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.എത്ര കേസിൽ നടപടി സ്വീകരിച്ചു, എത്ര രൂപ പിഴ ഈടാക്കി എന്നിറിയിക്കാനും കോടതി നിർദ്ദേശിച്ചു. പാതയോരങ്ങളിലെ ബോർഡും കൊടികളും പുതിയ കേരളത്തിന് ആവശ്യമില്ല.സ്വന്തം മുഖം കാണാനുള്ള താത്പര്യം മാത്രമാണിതിന് പിന്നിൽ. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇതില്ല. ഇതിനെതിരെ നടപടി സ്വീകരിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റി അംഗങ്ങളെ വിളിച്ചുവരുത്തേണ്ടിവരുമെന്നും ഹൈക്കോടതി
പ്രതികരിച്ചു.