ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്; ചരക്ക് സേവന നികുതിയില്‍ ഇളവുകള്‍ പ്രതീക്ഷിച്ച് വ്യവസായ ലോകം.
ന്യൂഡല്‍ഹി: ജി.എസ്.ടി ശൃംഖലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരുന്നു. തദവസരത്തില്‍ ചരക്ക് സേവന നികുതിയില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വ്യവസായി,വാണിജ്യ ലോകം.
മൂന്നു മാസം കഴിഞ്ഞിട്ടും ചരക്ക് സേവന നികുതി നടപ്പിലാക്കിയതിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പുതിയ നികുതി സംവിധാനം രാജ്യത്തെ ചെറുകിട വാണിജ്യ വ്യവസായ മേഖലയിലുണ്ടാക്കിയ പ്രശ്നങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായേക്കും. ചെറുകിട മേഖലയ്ക്കുണ്ടായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഹരിക്കാന്‍ കൌണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ രാജ്യത്തെ വാണിജ്യ വ്യാപാരസമൂഹം വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്.
നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് മാസത്തില്‍ ഒരിക്കല്‍ എന്നാക്കണമെന്ന് വ്യാപാരികളും വ്യവസായികളും അവശ്യമുന്നയിച്ചിരുന്നു. അതേസമയം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെ നിര്‍ദ്ദേശവും കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നേക്കും.