STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Jun 27th, 2018

ഈ മഞ്ഞും… കുളിര്‍ കാറ്റും …

Share This
Tags

 

    കോടമഞ്ഞിൽ മൂടി കിടക്കുന്ന മല നിരകൾക്കിടയിയിലൂടെ, സൂര്യ കിരണങ്ങൾ എത്തി നോക്കാൻ മടിക്കുന്ന വന സമൃദ്ധിയ്ക്കുള്ളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു റോഡ്.ആടിയും കുലുങ്ങിയും ബസ്‌ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു. അതിരാവിലെ കോഴിക്കോട്ടെയ്ക്ക് പുറപ്പെട്ട ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു അടഞ്ഞു തൂങ്ങുന്ന മിഴികളെ വലിച്ചു തുറക്കാൻ പാടുപെടുകയാണ് രാജീവ്‌…
ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ താൻ ചെന്നെത്തുന്നത് തികച്ചും വ്യത്യസ്തമായ ഒരു നാട്ടിലേയ്ക്കാണ്.. ബ്രഹ്മഗിരി കുന്നുകൾ ഇറങ്ങി വരുന്ന കുളിർ കാറ്റിന്റെ തലോടലേൽക്കാൻ.. വയനാടൻ പച്ചപ്പിന്റെ വശ്യതയിൽ മനം മയങ്ങാൻ…അസ്ഥി മരവിപ്പിക്കുന്ന നദിയിലെ തണുത്ത വെള്ളത്തിൽ നീന്തി തുടിക്കാൻ ഇനിയെന്നാണ്  തനിക്കാവുക.. !
സമ്പന്നമല്ലെങ്കിലും ദാരിദ്ര്യചൂടെൽക്കാതെ കഴിഞ്ഞിരുന്ന ഒരു സന്തുഷ്ട കുടുംബം. അച്ഛനും അമ്മയും താനും രണ്ടു പെങ്ങൻമാരും.. കാപ്പി തോട്ടങ്ങളിലും, കുരുമുളക് പാടങ്ങളിലും എല്ലുമുറിയെ പണിയെടുത്തു തങ്ങൾക്കു വിശപ്പിനാഹാരവും വിദ്യാഭ്യാസവും നൽകി വളർത്താൻ രണ്ടു പേരും കഠിനമായി അധ്വാനിച്ചു. പാരമ്പര്യമായി കർഷക വൃത്തി ചെയ്തു ജീവിക്കുന്ന പതിവ് ചിട്ടകൾക്ക് വ്യത്യസ്തമായി തങ്ങൾക്ക് വിദ്യാഭ്യാസം നൽകി അതിലൂടെ ജോലി സമ്പാദിച്ചു അന്തസ്സായി മക്കൾ ജീവിക്കണമെന്നു ആ രക്ഷിതാക്കൾ എടുത്ത തീരുമാനത്തെ തങ്ങൾ ശിരസ്സാ വഹിച്ചു, മത്സരിച്ചു പഠിച്ചു. എന്നാൽ….
വിധിയെന്ന രണ്ടക്ഷരം എത്ര പെട്ടെന്നാണ് എല്ലാം മാറ്റി മറിച്ചത്..
കാപ്പി തോട്ടത്തിൽ പണി ചെയ്‌തിരുന്ന അച്ഛനെ വിഷം തീണ്ടിയപ്പോ, എല്ലാ സ്വപ്‌നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞപ്പോൾ അനാഥമായത് ഒരു കുടുംബമായി രുന്നു.. നടുക്കടലിൽ പെട്ടു നീന്താൻ അറിയാതെ പകച്ച്‌ നിൽക്കുന്ന ഒരു കുട്ടിയേപ്പോലെയായി താൻ. പ്ലസ്‌ ടു പഠനം മാത്രമുളള തനിക്കെന്തു ജോലി കിട്ടാനാണ്…. ആലംബമറ്റ അമ്മയും രണ്ടു പെങ്ങന്മാരും കണ്മുന്നിൽ ഒരു ചോദ്യ ചിഹ്നമായി മാറിയപ്പോൾ തനിക്കൊരു ജോലി അനിവാര്യമായി
ഒരു പ്രതീക്ഷയുമില്ലാതെയാണ് അച്ഛൻ പണിയെടുത്തിരുന്ന  തോട്ടത്തിന്റെ ഉടമയായ മേനോൻ സാറിനെ ചെന്നു കണ്ടത്. അദ്ദേഹത്തിന്റെ മകന് വിദേശരാജ്യത്ത് നല്ല ബിസിനസ്‌ സ്ഥാപനങ്ങൾ ഉണ്ട് . തന്റെ അവസ്ഥ അദ്ദേഹത്തെ അറിയിച്ചപ്പോൾ, തന്റെ വിശ്വസ്ത ജോലിക്കാരന്റെ മകനെ സഹായിക്കാമെന്നദ്ദേഹം സമ്മതിച്ചു. പെട്ടെന്ന് തന്നെ പാസ്പോർട്ടുശരിയാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
അച്ഛന്റെ ആത്മാവിന്റെ അനുഗ്രഹത്താലാകണം, ഒരു സൈൽസ് മാന്റെ ജോലി ശരിയാക്കി തന്നു. തളർന്നു പോയ അമ്മയ്ക്ക് താങ്ങായി, പെങ്ങന്മാർക്കൊരു തണലായി മാറാൻ അങ്ങനെ തനിക്കൊരു അവസരം ലഭിച്ചു….
പെട്ടെന്ന് ബസ്‌ വലിയൊരു ശബ്ദത്തോടെ നിന്നപ്പോൾ രാജീവ്‌ തന്റെ സ്വപ്‌ന സാമ്രാജ്യത്തിൽ നിന്നും ഞെട്ടിയുണർന്നു. ബസ്‌ കല്പറ്റയിലെത്തിയിരിക്കുന്നു. അതുവരെ കലപില ശബ്ദത്തിൽ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീകൾ ഓരോരുത്തരായി ഇറങ്ങി തുടങ്ങി. തമിഴും മലയാളവും ഇടകലർത്തി സംസാരിക്കുന്ന അവർ അടുത്തുള്ള കാപ്പി തോട്ടങ്ങളിൽ പണിയെടുക്കുന്നവരാണ്. അന്നന്നത്തെ അന്നത്തിനായി എല്ല് മുറിയെ പണിയെടുക്കുന്ന പാവങ്ങൾ…കൊടും തണുപ്പിനെയും കഠിനമായ വെയിലിനെയും അതിജീവിച്ചു ദിനങ്ങൾ തള്ളിവിടുന്ന പട്ടിണി കോലങ്ങൾ…ഈയൊരവസ്ഥയിലേക്ക് തന്റെ അമ്മയെയും പെങ്ങന്മാരെയും എത്തിക്കാതിരിക്കാൻ താൻ ഈ ത്യാഗം സഹിച്ചേ മതിയാകൂ…
സ്വന്തം കുടുംബത്തെ ഒരു കരയെത്തിക്കാമണലാരണ്യങ്ങളിൽ ചെന്നു കഷ്ട്ടപ്പെടുന്ന… സ്വന്തം ജീവിതം, സുഖം, സന്തോഷം ഇവയൊക്കെ ഹോമിച്ചു ഉറ്റവർക്കു വേണ്ടി കഷ്ട്ടപെടുന്ന അനേക ലക്ഷം പ്രവാസികളിൽ ഒരാളായി ഇനി താനും…
സ്വന്തം മണ്ണിന്റെ മണമറിയാതെ, കാറ്റിന്റെ ഗന്ധമറിയാതെ, ഒരു യന്ത്രം പോലെ ദിന രാത്രങ്ങൾ തള്ളി വിടുന്ന അനേകരിൽ ഒരുവൻ !
ലക്കിടി കഴിഞ്ഞു ബസ്‌ ചുരമിറങ്ങാൻ തുടങ്ങിയപ്പോൾ ദൂരെ മലനിരകൾക്കിടയിൽ കോടമഞ്ഞും സൂര്യ കിരണങ്ങളും  വേർപിരിയാൻ മടിച്ചു തമ്മിൽ കെട്ടിപ്പുണരുന്ന കാഴ്ച അവൻ മതിവരാതെ നോക്കിയിരുന്നു . ഈ നാട് തനിക്കന്യമാകൻ  പോകുന്നു… ഈ മഞ്ഞും ഈ കുളിരും.. തന്റെ പ്രിയപ്പെട്ടവരും…            പുതിയൊരു നാടിന്റെ ഗന്ധത്തിൽ താൻ ഇനി ലയി ക്കും. എന്നാണി നി ഇങ്ങോട്ടേയ്ക്കൊരു മടങ്ങി വരവ്…അറിയില്ല… അറിയില്ല… അതു വരേയ്ക്കും പ്രാണ വായുവായി കൂടെ നിർത്താൻ … ഈ മഞ്ഞും ഈ കുളിരും വേണം.  അവൻ അവയൊക്കെ ഉള്ളിലേക്ക് ആവാഹിക്കും പോലെ ദീർഘമായി ശ്വാസമെടുത്തു. ഭൂമിയിൽ ഒരിക്കൽ മാത്രം കിട്ടുന്ന മനുഷ്യ ജന്മം…അതു സുഖമായാലും ദുഃഖമായാലും തന്റെ പ്രിയപ്പെട്ടവരോടോത്ത് പങ്കിട്ടു ജീവിക്കാൻ കഴിയാതെ…കടലുകൾക്കപ്പുറം ഉള്ളുരുക്കും നെടുവീർപ്പുകളോടെ ഉറക്കമില്ലാത്ത രാവുകളെ പകലുകളാക്കുന്നവൻ..പ്രവാസി.. അതാണ് ഇനി മുതൽ താനും.. അവന്റെ കവിളിലൂടെ ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി പുറമേ നിന്നും ബസിനുള്ളിൽ തള്ളി കയറി വന്ന കോടമഞ്ഞിൽ ലയിച്ചു….

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>