കവിത : ആടിക്കാറ്റ്
ആടിക്കാറ്റ്
മലമുഴക്കി പുഴ കലക്കി
പാഞ്ഞിടുന്ന കാറ്റേ…
മഴപ്പുതപ്പു മൂടും
വാനം തേടി
പാഞ്ഞിടുന്നോ നീയും
കാടിളക്കി കലിയുയർത്തി
ചൂളമൂതിയെത്തി
മേനി മൂടും കുളിരുമായി
തഴുകിടുന്നോ നീയും
വയൽ പൂവിറുത്തു
പതിരു പാറ്റി
കതിര് കാക്കും കാറ്റ്…
ഇതു പ്രണയ വിരഹ
സ്മൃതിയുണർത്തി
നോവ് പെയ്യും കാറ്റ്
ചടുലമായ മിഴിയിലെങ്ങും
ഭീതി പൂക്കും കാറ്റ്
ഇതു ആണ്ടു തീരാ ക്കാലത്തെത്തും
ആടിമാസക്കാറ്റ്
വറുതി കത്തും കാറ്റ്
കെടുതി മൂത്ത കാറ്റ്
അറുതി കെട്ട വ്യാധികളാൽ
പൊറുതി മുട്ടും കാറ്റ്…
– * പുലരി *