മണിമുഴക്കത്താല്‍ മുഖരിതമാകും മേക്കാട്ടില്‍ ദേവീ ക്ഷേത്രം – മണി കെട്ടുമമ്പലം
കൊല്ലം ജില്ലയിൽ ചവറയ്ക്കു സമീപം പന്മനയിലാണ് കാട്ടിൽ മേക്കാട്ടിൽ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്. കായലിനും കടലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണെന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനു സ്വന്തം !കേര വൃക്ഷങ്ങൾ നിറഞ്ഞ തുരുത്തിൽ, വിശാലമായ മണൽപ്പരപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കണ്ണിനു വിരുന്നേകുന്ന ഒരു ദൃശ്യമാണ്.
ഈ ക്ഷേത്രത്തിലെ പ്രധാന ആചാരമാണ് മണി കെട്ടൽ. ക്ഷേത്രത്തിൽ നിന്നും പ്രത്യേകമായി പൂജിച്ചു നല്കുന്ന മണി ക്ഷേത്ര പരിസരത്തുള്ള പേരാലിൽ കെട്ടിയാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നു ഭക്ത വിശ്വാസം! വൃത ശുദ്ധിയോട് കൂടി ക്ഷേത്രത്തിൽ എത്തി ആൽമരത്തിനു ചുറ്റും ഏഴു പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് മണി കെട്ടുന്നത്. ഇങ്ങനെ മൂന്നു തവണ ക്ഷേത്രത്തിൽ എത്തി മണി കെട്ടിയാൽ ആഗ്രഹ സാഫല്യം ഉണ്ടാകുമെന്ന് അനുഭവസ്ഥർ പറയുന്നു.
ദിനം പ്രതി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. സമീപജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെ ആഗ്രഹ സാഫല്യ നിർവഹണത്തിന് മണി കെട്ടുന്നതിനു വേണ്ടി ക്ഷേത്രത്തിലേയ്ക്ക് ഭക്തർ എത്തുന്നുണ്ട്. ലക്ഷക്കണക്കിന് മണികളാൽ അലംകൃതമായ ആൽമരം കാണുന്നത് തന്നെ പുണ്യമാണ്. കടൽക്കാറ്റിൽ ആൽമരത്തിന്റെ ഇലകൾ നൃത്തമാടുമ്പോൾ അതിനു താളമെന്നോണം ഈ മണികൾ അനുസ്യുതം മുഴങ്ങിക്കൊണ്ടിരിക്കും…..