കർക്കിടകമാസത്തിൽ കഴിക്കേണ്ട ഇലക്കറികൾ
കർക്കിടകമാസത്തിൽ ഇലക്കറികൾ ധാരാളമായി കഴിക്കണം എന്ന് പറയുന്നുണ്ട്. ഈ മാസത്തിൽ 10 ഇനം ഇലകൾ കറിവച്ചു പത്തു ദിവസമെങ്കിലും കഴിക്കണം എന്ന് പണ്ട് മുതൽ തന്നെ പറയാറുണ്ട്. ഇലകൾ കറിയാക്കിയോ ഉപ്പേരിയാക്കിയോ കഴിക്കാവുന്നതാണ്. കുടലിലെ അണുബാധ ഇല്ലാതാക്കാനും മലശോധന എളുപ്പമാക്കാനും ഇലക്കറികൾ സഹായിക്കുന്നു. ഇവ കഴിയ്ക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം വർധിക്കുകയും ഉന്മേഷം കൂടുകയും ചെയ്യും.
നമുക്ക് ആവശ്യമായ ഈ ഇലകൾ നമ്മുടെ വീടിനു പരിസരത്ത് നിന്നും തന്നെ ലഭിക്കുന്നതാണ് പയർ, മത്തൻ, ചേന, ചേമ്പ്, തഴുതാമ, മുള്ളൻ ചീര, കൊടിതൂവ, തുടങ്ങിയവയുടെ ഇലകൾ ആണ് സാധാരണയായി കർക്കിടക മാസത്തിൽ ഉപയോഗിക്കുന്ന ഇലകൾ.
മുരിങ്ങ ഇല കർക്കിടകത്തിൽ കഴിക്കരുത് എന്നൊരു ചൊല്ല് നമ്മുടെ നാട്ടിൽ നിലവിലുണ്ട്. മുരിങ്ങ ഇലയ്ക്കു ഈ മാസത്തിൽ കട്ട് കൂടും എന്നാണ് പൊതുവേ പറയാറുള്ളത്. ഇലയിൽ ചെറിയ കയ്പ്പു അനുഭവപ്പെടുന്നതിനെയാണ് കട്ട് എന്ന് പറയുന്നത് .
മുരിങ്ങ മരത്തിന്റെ വേരിന് മണ്ണിൽ നിന്നും ഇരുമ്പിന്റെ അംശങ്ങളും വിഷാംശങ്ങളും വലിച്ചെടുക്കാൻ ഉള്ള ശക്തി കൂടുതൽ ആണ്. അതിനാലാണ് ജലം ശുദ്ധമാകാൻ വേണ്ടി പലരും കിണറിന്റെ അടുത്തു മുരിങ്ങ മരം നടുന്നത്. മുരിങ്ങ വലിച്ചെടുക്കുന്ന ഈ വിഷ വസ്തുക്കൾ ഈ മാസത്തിലാണ് കൂടുതലായി സംഭരിക്കപ്പെടുന്നത്. അതിനാലാണ് ഈ ഇല കഴിക്കരുത് എന്ന് പറയപ്പെടുന്നത്. എന്നാൽ മറ്റിലകൾക്ക് ഈ പ്രശ്നം ഉണ്ടാകുന്നില്ല.