സ്വര്‍ണ വില മുകളിലേക്ക് തന്നെ; ഇന്ന് ഈ മാസത്തെ കൂടിയ നിരക്കിൽ വ്യാപാരം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മുകളിലേക്ക് തന്നെ. പവന് 80 രൂപ വര്‍ധിച്ച് 23,040 രൂപയിലെത്തിയാണ് വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇത്. സ്വര്‍ണ വിലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിനിഞ്ഞാന്ന് മാത്രം 320 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. തുടര്‍ന്ന് ഇന്നലെ 120 രൂപയും ഇന്ന് 80 രൂപയും വീണ്ടും വര്‍ധിച്ചതോടെ മൂന്ന് ദിവസത്തിനുള്ളിൽ സ്വര്‍ണവിലയിൽ 520 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു സ്വര്‍ണ വിലയിൽ വൻ മുന്നേറ്റം അനുഭവപ്പെട്ടത്. ദീപാവലിത്തിരക്ക് മുൻകൂട്ടി സ്വര്‍ണ വില പവന് 23,720 രൂപ വരെ എത്തിയിരുന്നു. എന്നാൽ തുടര്‍ന്ന് നിരന്തരം സ്വർണ വില കുറയുകയായിരുന്നു.
അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 41.40 എന്ന നിരക്കിലാണ് വെള്ളിവ്യാപാരം പുരോഗമിക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 41,400 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. വെള്ളി വിലയിൽ നിരന്തരം വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ട്.