ഒരു പുതു മഴയായ് പെയ്തിറങ്ങുകയിന്നെൻ ഹൃദയത്തിൻ ആരണ്യകങ്ങളിൽ… കവിത… കാലം സാക്ഷി – പുലരി
- കവിത… കാലം സാക്ഷി
ഒരു പുതു മഴയായ് പെയ്തിറങ്ങുകയിന്നെൻ
ഹൃദയത്തിൻ ആരണ്യകങ്ങളിൽ…
ആ നനവിലെൻമൃത പ്രായമാമാശതൻ
പുതു നാമ്പുകൾ കിളിർത്തിടട്ടെ…
ഒരു കുളിർ കാറ്റായ് വീശുകയിന്നെന്റെ
ഉള്ളതിൻ ഊഷര ഭൂവിൽ..
അവിടെ ജ്വലിച്ചിടും ഓർമ്മ തൻ തീ ചൂടിൻ
കനലുകൾ കെട്ടടങ്ങട്ടെ…
ഒരു നറു മന്ദസ്മിതമായ് വിടർന്നിടൂയിന്നെൻ
വിഷാദാർദ്രമാം വദനത്തിൽ…
നിദ്ര പിണങ്ങിടും രാവുകളിൽ നീയെൻ
മിഴിക്കോണുകളിൽ വന്നൊളിയ്ക്കൂ..
നിദാന്തമാം നിദ്രയിലേയ്ക്കെന്നെ നയിക്കൂ…
അല്ലെങ്കിൽ കാലമേയെന്നെ നിൻ
പ്രവാഹത്തിൻ ആഴങ്ങളിലേയ്ക്കമർത്തൂ ….
അങ്ങനെ കെട്ടടങ്ങാട്ടെയെൻ ഹൃദയത്തിൽ
എരിഞ്ഞിടും വിഷാദാഗ്നി ജ്വാല..
പുലരി.