പ്രിഥ്വീരാജ് സിനിമകള്‍ തീയറ്ററില്‍ വിലക്കണമെന്ന് തിയറ്റര്‍ ഉടമകള്‍
നടന് പ്രിഥ്വീരാജിന്റെ സിനിമകള്‍ തീയറ്ററില്‍ വിലക്കണമെന്ന് തിയറ്റര്‍ ഉടമകള്‍. ഇന്ന് നടന്ന സിനിമ തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് താരത്തിന്റെ ചിത്രങ്ങള്‍ തിയറ്ററില്‍ നിന്നും വിലക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പ്രിഥ്വീരാജ് ചിത്രങ്ങള്‍ നിരന്തരം ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിയറ്റര്‍ ഉടമകള്‍ താരത്തിന്റെ ചിത്രം വിലക്കാന്‍ ആവശ്യപ്പെട്ടത്. താരത്തിന്റെ കോള്‍ഡ് കേസ്, ഭ്രമം, കുരുതി എന്നീ ചിത്രങ്ങള്‍ അടുപ്പിച്ച് ഒ ടി ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസായതാണ് തിയറ്റര്‍ ഉടമകളെ ചൊടിപ്പിച്ചത്. അതേ സമയം, സാഹചര്യങ്ങളാണ് ഒ ടി ടി തിരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് സംഘടനയില്‍ ഭാരവാഹിയും നടനുമായ ദിലീപ് ചര്‍ച്ചയില്‍ പറഞ്ഞു. സംസ്ഥാനത്തെ തിയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് താരത്തിന് നേരെ വിമര്‍ശനം ഉയര്‍ന്നത്. ആന്റണി പെരുംബാവൂറിന് എതിരെയും ചര്‍ച്ചകള്‍ ഉയര്‍ന്നുവെങ്കിലും ആന്റണിയെ താന്‍ കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് ദിലീപ് ഉറപ്പ് നല്‍കുകയായിരുന്നു. കൊറോണ വ്യാപനത്തില്‍ തിയറ്ററുകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് നിരന്തരമായി ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ റിലീസ് ആയതോടെ ഒ ടി ടി പ്ലാറ്റ്ഫോമുകള് ജനകീയമാവുകയായിരുന്നു.