തമിഴ് സൂപ്പര്‍ താരം അജിത്തിന് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റു.
ചെന്നൈ: സിനിമാതാരം അജിത്തിന് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പരിക്കുപറ്റി. ‘വിവേഗം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം പറ്റിയത്. സംഘട്ടന ചിത്രീകരിക്കുന്നതിനിടയില്‍ താരത്തിന്റെ തോളിനാണ് പരിക്കേറ്റത്.
അപകടകരമായ സംഘട്ടനരംഗം ചിത്രീകരിക്കാന്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം യൂറോപ്പില്‍ പുരോഗമിക്കവെയാണ് അജിത്തിന് അപകടം പറ്റിയത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്, വിവേക് ഒബ്റോയി തുടങ്ങിയ പ്രമുഖതാരങ്ങളും അഭിനയിക്കുന്നുണ്ട്.
പ്രാഥമിക ചികിത്സയ്ക്കുശേഷം ഡോക്ടര്‍മാര്‍ താരത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കയാണ്. പരുക്ക് സംബന്ധിച്ച് വാര്‍ത്ത പുറത്തു വിടരുതെന്ന താരത്തിന്റെ നിര്‍ദ്ദേശം മറികടന്ന് സിനിമാ യൂണിറ്റില്‍ നിന്നുതന്നെയാണ് അപകടവാര്‍ത്ത പുറത്തു വന്നത്. നേരത്തെ ‘വേതാളം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ പരിക്കു പറ്റിയ അജിത്ത് എട്ടു മാസത്തോളം വിശ്രമത്തിലായിരുന്നു.